Followers

Tuesday, February 21, 2012

പ്രണയ മതംമാറ്റം: വിവാദം വിവേകത്തിന് വഴിമാറിയപ്പോള്‍...


 സ്നേഹസംവാദം  മാസിക 2012 ഫെബ്രുവരി ലക്കം എഡിറ്റോറിയല്‍ സമര്‍പ്പിക്കുന്നു.









പത്രാധിപര്‍
മണ്‍കലത്തില്‍ തല കുടുങ്ങിപ്പോയ ആട്ടിന്‍കുട്ടിയെ രക്ഷിക്കാന്‍ ഉപായം പറഞ്ഞുകൊടുത്ത നാട്ടുകാരണവരെ കുറിച്ച ഒരു മുത്തശ്ശിക്കഥയുണ്ട്. ആദ്യം തലയറുത്തും, എന്നിട്ടും തല വേര്‍പെടുത്താനാവത്തപ്പോള്‍ മണ്‍കലം തല്ലിയുടച്ചും പ്രശ്നം പരിഹരിച്ച പ്രസ്തുത കഥയാണ് പ്രണയ മതംമാറ്റവുമായി ബന്ധപ്പെട്ട പുതിയ പത്രവാര്‍ത്തകള്‍ കണ്ടപ്പോള്‍ ഓര്‍മവന്നത്.
പ്രണയമതം മാറ്റമെന്ന രീതിയില്‍ സമൂഹത്തില്‍ പ്രചരിച്ചിരുന്ന മുഴുവന്‍ അപസര്‍പ്പകകഥകളും വ്യാജമായിരുന്നെന്നും. അത് www.hindujagruti.org എന്ന വെബ്സൈറ്റിന്റെ ഉടമയായ മാര്‍ഗിഷ് കൃഷ്യുടെ ഭാവനകളായിരുന്നുവെന്നുമാണ് പുതുതായി വന്ന ഔദ്യോഗിക വിശദീകരണം. പ്രാതല്‍ ചായയോടോപ്പം കടിച്ചുവിഴുങ്ങിയ രണ്ടുകോളം വാര്‍ത്തക്കപ്പുറം കാര്യമായ ചര്‍ച്ചയോ കുറ്റസമ്മതമോ നടത്താതെ അവസാനിപ്പിച്ച ഈ 'തെമ്മാടിക്കുഴിവൃത്താന്തം' കഴിഞ്ഞ രണ്ടുവര്‍ഷത്തോളം കേരളത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ ഉണ്ടാക്കിയെടുത്ത പൊട്ടലും ചീറ്റലുകളും ചില്ലറയൊന്നുമല്ല. തെക്കന്‍ കേരളത്തില്‍ നടന്ന സ്വാഭാവികമായ ഒരു മതംമാറ്റത്തിന്റെയും അവരുടെ വിവാഹത്തിന്റെയും ചുവടുപിടിച്ച് മുസ്ലിം സമുദായത്തിന്റെ തലയറുക്കാനും സാമുദായികസൌഹാര്‍ദം തല്ലിയുടക്കാനുമായിരുന്നു മുത്തശ്ശി പാരമ്പര്യമവകാശപ്പെടുന്ന ചില പത്രങ്ങള്‍ വരെ അന്ന് ധൃഷ്ടരായത്.
2009 സെപ്തംബറിലാണ് പ്രണയം നടിച്ച് മതംമാറ്റിയെന്നതിന് ഷെഹന്‍ഷ, സിറാജുദ്ധീന്‍ എന്നിവര്‍ക്കെതിരെ ജസ്റിസ് ശങ്കരന്റെ ബെഞ്ചില്‍ ഒരു കേസ് വരുന്നത്. പ്രസ്തുത വിഷയത്തില്‍ നടക്കുന്ന ചില സംഘടിത ശ്രമങ്ങളെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഡിജിപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി മൂന്ന് ആഴ്ച സമയം നല്‍കി ഉത്തരവിടുകയും ഒക്ടോബര്‍ 22ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമൃഷ്ട അജണ്ടയുള്ള യാതൊരു സംഘടനയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഈ രംഗത്ത് ഒരു സംഘടിതമുന്നേറ്റവും നടക്കുന്നില്ലെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് കോടതി, സംശയത്തിന്റെ ആനുകൂല്യം നല്‍കി വീണ്ടും പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെടുകയും, കോടതിയുടെ എട്ട് ചോദ്യങ്ങള്‍ക്കടക്കം വിശദമായ മറുപടിസഹിതം നംവംബര്‍ 9ന് രണ്ടാമതും ഡിജിപി നല്‍കുകയും ചെയ്തു.
ഇത് കൂടാതെ നേരത്തെ കോടതി ആവശ്യപ്പെട്ട പ്രകാരം ഡിസംബര്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. കേരളത്തിലോ അന്യസംസ്ഥാനങ്ങളിലോ ഇത്തരത്തിലുള്ള ഒരൊറ്റ കേസും നിലനില്‍ക്കുന്നില്ല എന്നതായിരുന്നു കേന്ദ്രറിപ്പോര്‍ട്ടിന്റെയും സംക്ഷിപ്തം.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം നിലനില്‍ക്കെതന്നെ 'ശങ്കരന്‍ പിന്നെയും തെങ്ങേല്‍' എന്ന മട്ടില്‍ ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാമെന്ന തരത്തില്‍ കേരളത്തില്‍ നാലായിരം പേര്‍ പ്രണയത്തിന്റെ പേരില്‍ മതംമാറിയിട്ടുണ്ടെന്നും അതില്‍ 2800 കേസുകളില്‍ പെണ്‍കുട്ടികളെയാണ് മതംമാറ്റിയതെന്നും കോടതി നിരീക്ഷിക്കുകയാണുണ്ടായത്. ഇതില്‍ ഏതെങ്കിലും മതംമാറ്റം സംഘടനാ താല്‍പര്യത്താലോ സ്ഥാപിത താല്‍പര്യത്താലോ നടന്നതാണോയെന്ന് വ്യക്തമാക്കാന്‍ ജസ്റിസ് ശങ്കരന്‍ തയ്യാറായതുമില്ല. ഇതിനിടയില്‍ ഹരജിക്കാരന്റെ ജാമ്യാപേക്ഷ നിരസിച്ചതോടൊപ്പം കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തത് കോടതിയുടെ ഔദാര്യമാണെന്ന മട്ടില്‍ പ്രസ്താവന നടത്തുകയും കേസില്‍ കക്ഷി ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച അസോസിയേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സിന്റെ അപേക്ഷ തള്ളിക്കളഞ്ഞും, മതമാറ്റം നിരോധിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞും കോടതി വല്യേട്ടന്‍ ചമഞ്ഞത് വിമര്‍ശനങ്ങള്‍ക്കിടയാക്കി.
ഒടുക്കം, ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കറ്റ് ശശിധരന്‍ നമ്പ്യാര്‍ മുന്‍ കോടതിവിധി സ്റേ ചെയ്യുകയും കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തതോടുകൂടെയാണ് പ്രണയമതംമാറ്റവുമായി ബന്ധപ്പെട്ട് ജുഡീഷറിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് വിരാമമായത്.
നീതിന്യായ വകുപ്പിന്റെ ഭാഗത്തുനിന്നും ഇത്തരം നീക്കങ്ങള്‍ നടക്കുന്ന സമയത്തുതന്നെ മറുവശത്ത് ശക്തമായ കുപ്രചാരണങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു വര്‍ഗീയ ഫാസിസ്റ് ശക്തികളും അവര്‍ക്കാവശ്യമായ 'തെളിവുകള്‍' നല്‍കി ക്രിസ്തീയ മിഷനറിയും.
പ്രണയ മതംമാറ്റവുമായി ബന്ധപ്പെട്ട് കോടതിയിലെത്തി കൃത്യം ഒരു മാസത്തിനുള്ളില്‍ തന്നെ കാത്തോലിക് ബിഷപ്പ് കൌണ്‍സിലിന്റെ സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ജോണി കൊച്ചുപറമ്പിലിന്റേതായി "പ്രണയമത തീവ്രവാദം; മാതാപിതാക്കള്‍ ജാഗരൂഗരാകണം'' എന്ന തലക്കെട്ടില്‍ ഒരു നോട്ടീസ് പുറത്തിറങ്ങി. 2005 മുതല്‍ കേരളത്തില്‍ നാലായിരത്തിലേറെ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ കുടുങ്ങി മതം മാറിയിട്ടുണ്ടെന്നും, മംഗലാപുരത്തെ ഒരു നഴ്സിംഗ് വിദ്യാര്‍ഥിനിയിലൂടെയാണ് ഇതിന് തുടക്കം കുറിച്ചതെന്നും, ഇങ്ങനെ മതം മാറുന്നവര്‍ക്കായി ബൈക്കും മൊബൈല്‍ഫോണും മുതല്‍ പരീക്ഷാ ഫീസ് വരെ ഇവര്‍ നല്‍കുന്നുണ്ടെന്നും, വിനോദയാത്രയുടെ പേരു പറഞ്ഞ് റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് അശ്ളീല സിഡിയാക്കി ബ്ളാക്ക്മെയില്‍ ചെയ്യുന്നുണ്ടെന്നും, അവസാനം പെണ്‍വാണിഭക്കാര്‍ക്ക് കൈമാറിയോ യതീംഖാനയിലെ വേലക്കാരിയാക്കിയോ കയ്യൊഴിയുന്നുവെന്നും തുടങ്ങി 'പാടാത്ത പൈങ്കിളി' നിലവാരത്തിലുള്ള കഥകളാണ് പ്രസ്തുത നോട്ടീസിലുള്ളത്. സംഘ്പരിവാര്‍ ഒരു പടികൂടി കടന്ന് പ്രണയത്തിലൂടെ മതം മാറ്റിയ നാലായിരത്തോളം പേര്‍ അതിര്‍ത്തികടന്ന് പാക്കിസ്ഥാനിലേക്ക് പോയെന്നും അവിടത്തെ തീവ്രവാദ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും വരെ പറഞ്ഞുവെച്ചു. (അതിനു തെളിവായി ഉദ്ധരിച്ചിരുന്ന ഇശ്റത്ത് ജഹാന്റെ ഏറ്റുമുട്ടല്‍ കൊലപാതകവും പ്രണയ മതംമാറ്റം പോലെ ഹിമാലയന്‍ കളവായിരുന്നുവെന്ന് കാലം തെളിയിച്ചു.)
ഇസ്ലാമിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ അരിശം പൂണ്ട വര്‍ഗീയശക്തികളുടെ ഗീര്‍വാണങ്ങളായി മാത്രം ഒതുങ്ങിയിരുന്ന ഈ വിഷയം സമൂഹത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൂടി ഏറ്റുപിടിച്ചതിലൂടെയാണ് മുസ്ലിം സമുദായം പ്രതിരോധത്തിലായത്. സംഘ്പരിവാര്‍ സഹശയനക്കാരായ മാധ്യമങ്ങള്‍ മാത്രമല്ല, മലയാള സുപ്രഭാതത്തിന്റെ മൊത്തംകുത്തകക്കാരും മലയാളപത്രത്തറവാട്ടിലെ മുത്തശ്ശിമാരും വരെ ഇല്ലാത്ത പ്രണയ മതംമാറ്റത്തിന് വല്ലാത്ത തെളിവുകളുമായി തുടര്‍ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയതോടെ കേരളം സ്തോഭജനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങിപ്പോകുന്നു എന്ന പ്രതീതി കൈവന്നു; രാജ്യത്ത് മുസ്ലിംകള്‍ സംശയത്തോടെ വീക്ഷിക്കപ്പെടുന്ന സാഹചര്യം സംജാതമായി; ഒരുമിച്ച് കലാലയങ്ങളില്‍ പോയിരുന്നവര്‍ക്കിടയില്‍ പോലും സംശയത്തിന്റെ കരിമ്പുക കനത്തു. ഇസ്ലാമില്‍ അഭയം കണ്ടത്തിയ ഇതര മതസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടന്നു. പലരെ കുറിച്ചും ആനുകാലികങ്ങള്‍ കഥകള്‍ നെയ്തു. സത്യസന്ധമായി കാര്യങ്ങളെ സമീപിച്ച മാസികകള്‍ അന്വേഷണോദ്യോഗസ്ഥരുടെ സംശയത്തിന്റെ കരിനിഴലിലായി. അന്നത്തെ മുഖ്യമന്ത്രി വരെ പ്രണയമതംമാറ്റ സംഘടിതശക്തികളുടെ വാര്‍ത്തകളെ ശരിവെച്ച് സംസാരിച്ചത് മുസ്ലിം സമുദായത്തെ ആകമാനം അരക്ഷിതാവസ്ഥയിലാക്കി. കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്കും പൊന്നാനിയിലെ മഊനത്തുല്‍ ഉലൂമിലേക്കും ഹിന്ദുത്വരുടെ മാര്‍ച്ചുകള്‍ സംഘടിക്കപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം സത്യാവസ്ഥ ഒരോന്നായി പുറുത്തുവരുമ്പോള്‍ സന്തോഷത്തിലേറെ സഹതാപമാണ് തോന്നുന്നത്. വൈകിയെത്തുന്ന നീതി അനീതി എന്നതിനാലല്ല, മുസ്ലിംകളുടെ അഭിമാനത്തിനുമേല്‍ പൂരക്കളി കളിച്ച ഒറ്റ സംഘടനയോ മാധ്യമങ്ങളോ തങ്ങളുടെ അവിവേകത്തിന് മാപ്പു പറയാത്തതില്‍. സമൂഹത്തില്‍ ചികില്‍സിച്ചാല്‍ ഭേദമാവാത്ത വ്രണവടുക്കള്‍ തീര്‍ത്ത സാഹചര്യം സൃഷ്ടിച്ചതില്‍ കുറ്റബോധം തോന്നാത്തതില്‍.
പ്രണയമതംമാറ്റത്തെ കുറിച്ച പുതിയ വാര്‍ത്തയില്‍പോലും ഹിന്ദു ജാഗൃതി ബ്സൈറ്റും എഡിറ്റര്‍ മാര്‍ഗിഷ് കൃഷണയും മാത്രമാണ് പ്രതികള്‍. യഥാര്‍ഥത്തില്‍ ഇത് ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കേരളാ കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ സംഘടനാ സാരഥികളും അതിന്റെ പ്രവര്‍ത്തകരുമാണ്. കോടതിയുടെ അനവസരത്തിലുള്ള ഇടപെടലുകളും മാധ്യമങ്ങളുടെ ദീര്‍ഘവീക്ഷണമില്ലാത്ത 'സെന്‍സേഷനുകളും' ഈ പ്രശ്നം ഊതിക്കത്തിച്ചു.
കാലങ്ങള്‍ക്കുശേഷം സത്യം പകല്‍പോലെ വ്യക്തമായിരിക്കെ മത്സരിച്ച് വാര്‍ത്ത തയ്യാറാക്കുകയും സാമൂഹ്യഛിദ്രത വളര്‍ത്തുകയും ചെയ്ത മാധ്യമങ്ങളും സംഘടനാസാരഥികളും പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാവുകയാണ് വേണ്ടത്. മാര്‍ഗിഷ് കൃഷ്ണയെ മാത്രം നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവന്നാല്‍ പോര, മറിച്ച് ഇക്കാര്യം ഇടവും വലവും നോക്കാതെ സമൂഹത്തില്‍ പ്രചരിപ്പിച്ച മാധ്യമങ്ങളെയും അതിന് സഹായകമാവുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയ ജഡ്ജിമാരെയും അതു മുതലെടുത്ത് സാമുദായിക സ്പര്‍ദകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘടനകളെയും പൊതുജന സമൂഹമധ്യത്തില്‍ കൊണ്ടുവരണം. അതോടൊപ്പം ഒരോ ജാഗൃതി സൈറ്റുകള്‍ക്കെതിരെയും ജാഗ്രതാ നോട്ടീസുകള്‍ക്കെതിരെയും ജാഗരൂഗരായി നിലക്കൊള്ളാന്‍ മലയാളിസമൂഹം ആര്‍ജവം കാണിക്കുകയും വേണം. പാതിരിമാരുടെ കൈയനക്കത്തിനനുസരിച്ച് നൃത്തമാടുന്ന മരപ്പാവകളായി ഹിന്ദുസമൂഹനേതൃത്വം മാറുമ്പോഴാണ് അവര്‍ മുസ്ലിം വിരോധികളായിത്തീര്‍ന്നിട്ടുള്ളത് എന്ന ചരിത്രപാഠത്തിന്റെ ആനുകാലികാവര്‍ത്തനമായിരുന്നു ഈ നാടകങ്ങളെല്ലാമെന്ന വസ്തുത നാം മറക്കാതിരിക്കുകയും ചെയ്യുക.


2 comments:

സുബൈദ said...

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
സ്നേഹസംവാദം മാസിക ലേഖനം മാത്രമാണ് പ്രസിദ്ധീകരിച്ചത്.

ഷാജി എല്ലൂരാന്‍ said...

സുബൈദ, വിഷയം വളരെ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.അതിനെയും ന്യായീകരിച്ചു കൊണ്ട് യുക്തി "വാതം" പിടിച്ചവര്‍ വരും.കാത്തിരിക്കാം.