Followers

Sunday, November 18, 2012

ഇമാ കെയ്തല്‍

അമ്മയാണ്...........    വിലപേശരുത്.
ജയന്‍ കെ. ഉണ്ണൂണ്ണി 

     

















ത് ഞങ്ങളുടെ ഏരിയ....... മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിന്റെ  ഹൃദയത്തില്‍ നിന്നാണ് ഈ സ്ത്രീമൊഴി. ഇമാ കെയ്തല്‍ എന്നറിയപ്പെടുന്ന 'അമ്മമാരുടെ അങ്ങാടി'. ശാക്തീകരണത്തിനായി അവകാശ സമരം നയിക്കുന്ന സമൂഹത്തിനു മറുമൊഴിയാണ് സ്വയം ശക്തരായ ഈ വനിതാ കച്ചവടക്കാര്‍.  വനിതകള്‍ മാത്രം കച്ചവടക്കാരായുള്ള ലോകത്തിലെ ഏക വിപണിയെന്ന വിശേഷണവും ഇമാ കൈതലിനു സ്വന്തം. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക ശാക്തീകരണവും സ്വാതന്ത്ര്യവും നേടിയ സ്ത്രീ സമൂഹത്തിന്റെ കഥയാണ് ഈ അങ്ങാടിക്ക് പറയാനുള്ളത്.

ഇമാ എന്ന മണിപ്പൂരീ വാക്കിനു അമ്മയെന്നര്‍ഥ  , പതിനായിരത്തോളം വനിതകള്‍ ഇവിടെ കച്ചവടം നടത്തുന്നു. പുറമേ അസംഘടിതരെന്നു തോന്നാമെങ്കിലും പരസ്പര സ്നേഹത്തില്‍ ഇവര്‍ സംഘടിതരാണെന്നറിയുക. അമിതലാഭം ഒഴികെ എന്തും ഈ ചന്തയില്‍ ലഭിക്കും. ഉണക്കമീന്‍ മുതല്‍ പരവതാനി വരെ ഇവിടെ നിന്ന് വാങ്ങാം. വില പെഷലിനു നില്‍ക്കാന്‍ ഇവര്‍ക്കും ഇവരെ തേടിയെത്തുന്ന ഉപഭോക്താക്കള്‍ക്കും സമയമില്ല. തുണിക്കും പച്ചക്കറിക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചമീനും ഉണക്കമീനും എല്ലാറ്റിനും പ്രത്യേകം മേഖലകളുണ്ട്. മണിപ്പൂരിലെ സ്ത്രീകളുടെ അധ്വാനശീലം മനസ്സിലാക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് മഹാരാജാവിന്റെ കാലത്താണ് വനിതകളുടെ ചന്തയുടെ തുടക്കം. കൂടുതല്‍ പേര്‍ക്ക് പ്രാതിനിധ്യം നല്‍കി വിപണി പുതുക്കിയിട്ട് ഒന്നര നൂറ്റാണ്ടായി. അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ കെട്ടിടങ്ങളും ഇരുന്നു കച്ചവടം ചെയ്യാനുള്ള സൌകര്യങ്ങളും ഒരുക്കി. 

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളില്‍ ഒന്നായ മണിപ്പൂര്‍ കേരളത്തില്‍ നിന്ന് ഒത്തിരി അകലെയെങ്കിലും പ്രകൃതി ഒരുക്കുന്ന കാഴ്ചകള്‍ക്ക് സമാനതകള്‍ ഏറെയാണ്‌. തെങ്ങ് ഒഴികെ കേരളത്തിലുള്ള എല്ലാ സസ്യങ്ങളും ഇവിടെയുണ്ട് കേരളത്തെ പോലെ മഴ കൂടുതല്‍ ലഭിക്കുന്നതിനാല്‍ എങ്ങും മനം നിരക്കുന്ന പച്ചപ്പും. ഭൂമാഫിയയുടെ തേര്‍വാഴ്ച ഇനിയും തുടങ്ങിയിട്ടില്ലെന്ന് മണിപ്പൂരിന്റെ മാറ്റമില്ലാത്ത മുഖം വ്യക്തമാക്കുന്നു.

മണിപ്പൂരിന്റെ സ്ത്രീ ശക്തി 
മണിപ്പൂരിന്റെ സ്ത്രീശക്തിയെ ലോകം അറിയും. ആസാം റൈഫിള്‍സ് ഉള്‍പ്പെടെയുള്ള സൈനിക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമത്തിനെതിരെ പന്ത്രണ്ടു വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മിള ചാനു. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇടിച്ചു കയറി രാജ്യത്തിന്‌ അഭിമാനമായി തിളങ്ങിയ മേരി കോം- ഇവരെല്ലാം മണിപ്പൂരിന്റെ മക്കളാണ്.

ചരിത്രത്തിലേക്ക്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലും ഇംഫാലിലെ അമ്മമാരുടെ വിപണിക്കൊരു സ്ഥാനമുണ്ട്. 1904ലും 1939ലും ബ്രിട്ടീഷുകാര്‍ക്കെതിരെ 'നൂപീലാന്‍' എന്നറിയപ്പെടുന്ന വനിതാ യുദ്ധത്തിന്റെ പ്രഭവകേന്ദ്രം  ഈ വിപണി ആയിരുന്നു. നിര്‍ബന്ധപൂര്‍വ്വം ജോലി ചെയ്യിച്ചതിനു എതിരെയായിരുന്നു ആദ്യ നൂപീലാന്‍. വിലക്കയറ്റം, നിയമ വിരുദ്ധമായ അരി കടത്ത് എന്നിവയ്ക്ക് എതിരായിരുന്നു രണ്ടാം പ്രക്ഷോഭം. ഇരു മുന്നേറ്റങ്ങളിലും വിജയം ഈ വനിതകള്‍ക്ക് ഒപ്പമായി.

1904 പ്രക്ഷോഭം
മഹാരാജാവില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷുകാരോടുള്ള പകയില്‍ തിളക്കുകയായിരുന്നു അന്ന് മണിപ്പൂര്‍. പ്രതികാരം അഗ്നിയായി ആളി. ഇംഗ്ലീഷ് അധികാരിയുടെ കൊട്ടാരസമാനമായ ബംഗ്ലാവ് അഗ്നിക്കിരയാക്കി. ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിനു തടി കൊണ്ടുവരാന്‍ നഗരത്തിലെ പുരുഷന്മാര്‍ ഇറങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. നിര്‍ബന്ധ സൌജന്യ സേവനത്തിനു പുരുഷന്മാര്‍ ഇറങ്ങിയതോടെ പല വീടുകളും പട്ടിണിയിലായി.വരുമാനമില്ലാതായതോടെ അങ്ങാടിയിലെ തിരക്കൊഴിഞ്ഞു. കച്ചവടക്കാരായ അമ്മമാര്‍ സംഘടിച്ചു. ഒരു ദിവസം വിപണിക്ക് അവധി നല്‍കി. പ്രതിഷേധവുമായി ബ്രിട്ടീഷ് അധികാരിയുടെ ഓഫീസ് ഉപരോധിച്ചു. പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തിയെങ്കിലും നിര്‍ബന്ധിത ജോലിക്കിറങ്ങിയവര്‍ക്ക് കൂലി നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

ആവര്‍ത്തിച്ചു 1939
1904 പ്രക്ഷോഭത്തിന്റെ ശക്തിയിലായിരുന്നു ഇമ കൈതല്‍ പിന്നീട്. വിപണിയില്‍ ധാന്യങ്ങള്‍ എത്താതിരുന്നതാണ് 1939ല്‍ അമ്മമാരെ ചൊടിപ്പിച്ചത്. കുറഞ്ഞ വിലക്ക് ധാന്യം മൊത്തമായി വാങ്ങി അന്യ ദേശത്തേക്ക് കടത്തുകയാണെന്ന് അറിഞ്ഞു. വിപണിയില്‍ അരി എത്താതായതോടെ വില വര്‍ധിച്ചു. ഡിസംബര്‍ 12നു അമ്മമാര്‍ വിപണിയില്‍ സംഘടിച്ചു. ആയിരക്കണക്കിന് സ്ത്രീകള്‍ പ്രകടനമായി സ്റ്റെറ്റ് ദര്‍ബാര്‍ ഓഫീസിനു മുമ്പിലെത്തി. മഹാരാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അരി കയറ്റി അയക്കുന്നതെന്നായിരുന്നു ബ്രിട്ടീഷ് പ്രതിനിധിയുടെ മറുപടി. ഉല്ലാസയാത്രയിലായിരുന്ന മഹാരാജാവിനെ കൊണ്ട് ഉത്തരവ് പിന്‍വലിപ്പിക്കും വരെ അധികാരിയെ ചലിക്കാന്‍ അമ്മമാര്‍ സമ്മതിച്ചില്ല.  1940 ജനുവരി ഒമ്പത് വരെ സമരം തുടര്‍ന്ന്. സംസ്ഥാനത്തിന്റെ സാമൂഹിക മാറ്റത്തില്‍ സ്ത്രീശക്തിയുടെ പങ്ക് എത്രയെന്നു ഈ സമരങ്ങള്‍ പറയുന്നു.

ഹേയ്‌, ഇമാ!
അമ്മമാരുടെ അങ്ങാടിയില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അമ്മയെന്ന അര്‍ഥം വരുന്ന ഇമായെന്നാണ് കച്ചവടക്കാരെ സംബോധന ചെയ്യുന്നത്. കച്ചവടക്കാര്‍ സ്ത്രീകളാണെന്ന് കരുതി ദുഷ്ടലാക്കോടെയുള്ള നോട്ടമോ സംസാരമോ ഇവര്‍ സഹിക്കില്ല. അതിനു ശ്രമിചിട്ടുള്ളവര്‍ ഇവരുടെ കയ്യുടെ ചൂടറിയും.

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ രാവിലെ 4.30നു സൂര്യനുദിക്കും. അത് കൊണ്ട് തന്നെ ഈ മേഖലയില്‍ താമസിക്കുന്നവരുടെ ദിവസവും അതിരാവിലെ തുടങ്ങും. കുട്ടികളെ സ്കൂളില്‍ അയച്ചു കുടുംബത്തിലെ അത്യാവശ്യം ജോലികളും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഇമമാര്‍ അങ്ങാടിയിലേക്ക് തിരിക്കുന്നത്. രാവിലെ ഒന്‍പതോടെ വിപണി സജീവം. സ്വന്തം കൃഷിയിടങ്ങളിലെയും അയല്‍വാസികളുടെ കൃഷി സ്ഥലത്തെയും ഉല്‍പന്നങ്ങളുടെ ഒരു കെട്ടുമായാണ് വിപണിയിലെത്തുക. കയ്യിലെ ഉത്പന്നത്തിന് അനുസരിച്ച് ഒരു സ്ഥലത്ത് ഇരിപ്പുറപ്പിക്കും. കൊണ്ട് വന്ന സാധനങ്ങള്‍ വിറ്റുതീരുമ്പോള്‍ മടക്കയാത്രക്കുള്ള തുടക്കമാകും.

 കൃഷിയിടങ്ങളില്ലാത്തവര്‍ വിവിധയിനം വസ്ത്രങ്ങളുമായാണ് വിപണിയിലെത്തുന്നത്. ചെറുതും വലുതുമായ ഒട്ടേറെ ജലാശയങ്ങള്‍ മനിപ്പൂരിലുണ്ട്. ഈ ജലാശയങ്ങളില്‍ നിന്ന് പിടിക്കുന്ന മത്സ്യവും വിപണിയിലെത്തിക്കുന്നവരുണ്ട്. വൈകുന്നേരം തിരികെ പോകുമ്പോള്‍ കച്ചവടം ചെയ്യുന്ന ഉല്‍പന്നത്തിന്റെ   വിലക്ക് ആനുപാതികമായ ലാഭം കയ്യിലുണ്ടാവും.

ഇമ്ഫാലിനു പുറമേ മണിപ്പൂരിന്റെ മറ്റു പട്ടണങ്ങളിലും ഇന്ന് വനിതകളുടെത് മാത്രമായ വിപണികളുണ്ട്. ഇമാ  കെയ്തിലിനോപ്പം  കച്ചവടക്കാരില്ലെന്നു മാത്രം. കച്ചവട സാധനങ്ങളുമായി വിപണിയിലെത്താനുള്ള യാത്രാ സൌകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്വയം സഹായ സംഘങ്ങള്‍ ശക്തമായ കേരളത്തിലും മണിപ്പൂരിലെ അമ്മമാരുടെ വിപണി പകര്‍ത്താനുള്ള മാതൃകയാണ്.

ചില്ലറ വ്യാപാരത്തില്‍ വിദേശനിക്ഷേപം എത്തുന്നെന്നു കേട്ടുള്ള ഞെട്ടലൊന്നും ഇവര്‍ക്കില്ല. ആരൊക്കെ വന്നാലും ഏറ്റവും കുറഞ്ഞ നിരക്കില്‍ നിലവാരമുള്ള ഉത്പന്നങ്ങള്‍ ഒരു വിദേശ ശൃംഖലക്കും നല്‍കാനാവില്ലെന്ന് മണിപ്പൂരിലെ അമ്മമാര്‍ അറിയുന്നു. അമ്മമാരുടെ കയ്യിലാണല്ലോ കുടുംബത്തിന്റെ പഴ്സ്.


No comments: