Followers

Thursday, August 14, 2014

ഓര്‍മ്മയിലെ ആദ്യ സ്വാതന്ത്ര്യ ദിനം അഥവാ ആകാസത്ത് പതിനഞ്ച്.


ഏകദേശം നാല്‍പത്തിനാല്, നാല്‍പത്തിഅഞ്ച് വര്‍ഷങ്ങള്‍ മുമ്പ് വീട്ടിനു തൊട്ടടുത്തുള്ള സിറാജുല്‍ ഹുദാ മദ്രസയില്‍ ചേര്‍ത്ത വര്‍ഷം ഒരു ദിവസം ഉസ്താദ് പറഞ്ഞു 'നാളെ അഗസ്ത് പതിനഞ്ചാണ് അത് കൊണ്ട് നാളെ മദ്രസയില്ല, ' നേരെ വീട്ടില്‍ വന്ന് ഉമ്മയോട് അവധി കിട്ടിയതിന്റെ സന്തോഷം പങ്ക് വച്ച്  'നാളെ ആകാസത്ത് (ആകാശം) പതിനഞ്ച് ആയത് കൊണ്ട് മദ്രസയില്ല', ഉമ്മ തിരുത്തിത്തന്നു 'നാളെ നമ്മുടെ നാട് ബ്രിട്ടീഷുകാരില്‍ സ്വാതന്ത്ര്യം നേടിയ ദിനമായത് കൊണ്ടാണ് മദ്രസ ഇല്ലാത്തത്. 1947 ആഗസ്ത് പതിനഞ്ചിനാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനും ആഘോഷിക്കാനും വേണ്ടിയാണ് നാളത്തെ അവധി. നമ്മുടെ വല്യുമ്മയുടെ ഉപ്പ (മോതി ഹാജി) വല്യുമക്ക് ഒന്നര വയസ് പ്രായമുള്ളപ്പോള്‍ ആ കള്ളന്മാരുടെ വെടിയേറ്റ്‌ മരിച്ചതാണ്. നമ്മുടെ നാട്ടിലെ പലരും ജീവനും സ്വാതന്ത്ര്യവും സ്വത്തും നല്‍കി വാങ്ങിയതാണ് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം'

അന്ന് മുതല്‍ ഇന്ന് വരെ ആ ദേശീയ ബോധവും രാജ്യ സ്നേഹവും ഉള്ളില്‍ ഉറച്ചു നില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ അന്ന് നാട് ഭരിക്കാന്‍ നടത്തിയ ദുഷ്ടപ്രവര്‍ത്തിയായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്. (വെടക്കാക്കി തനിക്കാക്കുക) അത്തരം കലുഷിത സാഹചര്യത്തിലും നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മജിയും മറ്റു നേതാക്കളും കിണഞ്ഞു പരിശ്രമിച്ചത് കൊണ്ടാണ് നാം ഇന്നിവിടെ സ്വതന്ത്രരായി ജീവിക്കുന്നത്. (ഗോദ്സെയെ നയിച്ച രാജ്യ ദ്രോഹികളെ മറക്കാതിരിക്കുക.  അവര്‍ ഇന്നും കപട രാജ്യസ്നേഹവുമായി നമുക്കിടയില്‍ ജീവിക്കുന്നു) ഇന്ന് രാജ്യത്തെ മനുഷ്യരേ ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും സിക്കും ജൈനനും മറ്റും മറ്റുമായി ഭിന്നിപ്പിച്ചു രാജ്യദ്രോഹികള്‍ രാജ്യം തകര്‍ക്കാന്‍ രാജ്യ ശത്രുക്കളില്‍ നിന്ന് അച്ചാരം വാങ്ങി അവരുടെ നയങ്ങള്‍ നടപ്പാക്കുന്നു. അങ്ങനെ ചെയ്യുന്നത് തീവ്ര ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യനായാലും കമ്യൂണിസ്റ്റുകാരനായാലും അവരെല്ലാവരെയും നിയന്ത്രിക്കുന്ന ശക്തി ഒന്നായിരിക്കും. പക്ഷെ തമ്മില്‍ തച്ചു മരിക്കുന്ന അണികള്‍ ഇക്കാര്യമറിയാതെ തമ്മില്‍ തല്ലുന്നു, കൊല്ലുന്നു; അവരെ നയിക്കുന്ന നിയന്ത്രിക്കുന്ന തലതൊട്ടപ്പന്മാര്‍ ഒരുമിച്ചു ഉല്ലസിക്കുന്നു. മറ്റു ചിലര്‍ രാജ്യം സഹസ്രാബ്ദങ്ങളിലൂടെ നേടിയെടുത്ത യശസ്സും സമ്പത്തും ചില ചില്ലറ താല്‍ക്കാലിക സൌകര്യങ്ങള്‍ക്ക് വേണ്ടി വിറ്റു കാശാക്കുന്നു. നാം തീര്‍ച്ചയായും ചിന്തിക്കുക നമ്മുടെ കയ്യില്‍ ഇനിയും രാജ്യത്തെ  ഏറ്റവും വലിയ ആയുധം (ബാലറ്റ്) തിരിച്ചു കിട്ടും അതിലൂടെ നാം യുദ്ധം ചെയ്യുക രാജ്യ ശത്രുക്കള്‍ക്കെതിരെ രാജ്യ താല്പര്യം സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടി; അത് വരെ നമ്മുടെ സ്വന്തം ഭാരതം നശിക്കാതെ തമ്മില്‍തച്ചു തീരാതെ നിലനില്‍ക്കട്ടെ

1921ല്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ആദ്യമായി വെടിവച്ച ഗ്രാമത്തില്‍ ദേശ സ്നേഹികളായ സ്വതന്ത്ര സേനാനികളും സ്വതന്ത്ര സമരനേതാക്കളും ജീവിച്ച, അവര്‍ ചരിത്രം സൃഷ്ട്ടിച്ച നാട്ടില്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ വല്യുപ്പയുടെ പേരകുട്ടിയായി ജനിച്ചതില്‍ അഭിമാനിക്കുന്ന ഒരു സാധാരണ ഭാരതീയന്റെ  മനോവേദനകളാണ് ഇവിടെ പങ്ക് വെക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ദയവായി ക്ഷമിക്കുക.

എല്ലാ രാജ്യസ്നേഹികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ സ്വതന്ത്ര്യദിനാശംസകള്‍

No comments: