Followers

Friday, April 28, 2017

പാരമ്പര്യത്തിന്റെ സംപ്രേക്ഷണം: ഹദീഥിന്റെ കൃത്യത

 എം.എം. അക്്ബര്‍


ഒരു ജീവജാതിയില്‍പ്പെട്ട മാതാപിതാക്കള്‍ക്ക് അതേ ജീവജാതിയില്‍ തന്നെയുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതും മനുഷ്യമക്കള്‍ക്ക് മാതാപിതാക്കളുടെയോ അമ്മായി-അമ്മാവന്‍മാരുടെയോ മുത്തശ്ശി-മുത്തശ്ശന്‍മാരുടെയോ ഛായയുണ്ടാവുന്നതുമെല്ലാം എന്തുകൊണ്ടാണെന്ന് പുരാതനകാലം തൊട്ടേ മനുഷ്യര്‍ ചിന്തിക്കുവാനാരംഭിച്ചിരുന്നതായി കാണാനാകും. പരമ്പരാഗത സ്വഭാവങ്ങളെക്കുറിച്ച് വീക്ഷണങ്ങളവതരിപ്പിച്ച ആദ്യകാലക്കാരില്‍ പ്രമുഖന്‍ പാശ്ചാത്യ ചികിത്സാശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസാണ്. മാതൃശരീരത്തിന്റെയും പിതൃശരീരത്തിന്റെയും ശരീരാവയവങ്ങളില്‍നിന്ന് ഊര്‍ന്നിറങ്ങുന്ന സ്ത്രീ-പുരുഷ ബീജങ്ങള്‍ പ്രസ്തുത ശരീരഭാഗത്തിന്റെ പാരമ്പര്യവും വഹിക്കുമെന്നും അതാണ് സന്താനങ്ങള്‍ക്ക് മാതാവില്‍നിന്നും പിതാവില്‍നിന്നുമുള്ള പരമ്പരാഗത സ്വഭാവങ്ങള്‍ ലഭിക്കുവാന്‍ കാരണമെന്നുമാണ് അദ്ദേഹം സിദ്ധാന്തിച്ചത്. മാതാവിന്റെയോ പിതാവിന്റെയോ, ആരുടെ ശരീരഭാഗത്തുനിന്നാണ് ശക്തബീജമുണ്ടാകുന്നത് ആ ശരീരഭാഗം അയാളുടെ സ്വഭാവമായിരിക്കും പ്രകടിപ്പിക്കുക. കറുത്ത കണ്ണുള്ള മാതാവും നീലകണ്ണുള്ള പിതാവും രതിയിലേര്‍പ്പെടുമ്പോള്‍ പിതാവിന്റെ കണ്ണില്‍നിന്നുള്ള ബീജമാണ് ശക്തമെങ്കില്‍ കുഞ്ഞ് നീലക്കണ്ണനായിരിക്കുമെന്നര്‍ത്ഥം. മാതാപിതാക്കളുടെ ആര്‍ജ്ജിതസ്വഭാവങ്ങളും ഇങ്ങനെ മക്കളിലേക്കു പകരും. ഓട്ടക്കാരന്റെ മകന്‍ ഓട്ടക്കാരനും സംഗീതജ്ഞയുടെ മകള്‍ പാട്ടുകാരുമായിത്തീരുന്നത് ആര്‍ജ്ജിത സ്വഭാവങ്ങള്‍ ബീജത്തിലൂടെ അടുത്ത തലമുറയിലേക്ക് പകരുന്നതുകൊണ്ടാണെന്നാണ് ഹിപ്പോക്രാറ്റസ് സമര്‍ത്ഥിച്ചത്(1). ഇരുപതാം നൂറ്റാണ്ടുവരെ പ്രമുഖ ശാസ്ത്രജ്ഞരും തത്വജ്ഞാനികളുമെല്ലാം ശരിയെന്നു കരുതിയ ഈ സിദ്ധാന്തത്തിന്റെ ബീജങ്ങള്‍ തന്റെ മുന്‍ഗാമിയായ അസക്‌സാഗോറസില്‍ നിന്നാണ് ഹിപ്പോക്രാറ്റസിനു കിട്ടിയത് എന്നാണ് കരുതപ്പെടുന്നത്.
ഹിപ്പോക്രാറ്റസിന്റെ പാരമ്പര്യസിദ്ധാന്തം ശരിയല്ലെന്നു വസ്തുനിഷ്ഠമായി സമര്‍ത്ഥിക്കുവാന്‍ അടുത്ത തലമുറക്കാരനായ അരിസ്റ്റോട്ടില്‍ ശ്രമിച്ചുവെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാതാവിന്റെയും പിതാവിന്റെയും ബീജങ്ങളാണ് നിര്‍ണയിക്കുന്നതെങ്കില്‍ മറ്റു ബന്ധുക്കളുടെ ഛായയുള്ള കുട്ടികള്‍ ജനിക്കുന്നതെങ്ങനെയെന്നാണ് അരിസ്റ്റോട്ടില്‍ ചോദിച്ചത്. ശരീരഭാഗങ്ങളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ബീജങ്ങളാണ് പ്രസ്തുത ശരീരഭാഗങ്ങളുടെ സ്വഭാവം മക്കളിലേക്ക് പകര്‍ന്നുനല്‍കുന്നതെങ്കില്‍ മുത്തശ്ശി-മുത്തശ്ശന്‍മാരുടെയോ അമ്മായി-അമ്മാവന്‍മാരുടെയോ ഛായയിലുള്ള മക്കള്‍ ഉണ്ടാവാന്‍ പാടില്ലല്ലോ. ആര്‍ജ്ജിത സ്വഭാവങ്ങള്‍ മക്കളിലേക്ക് പകരുകയില്ലെന്നതിന്റെ വ്യക്തമായ തെളിവായി അംഗവൈകല്യമുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന വികലാംഗനല്ലാത്ത സന്താനങ്ങളെ അരിസ്റ്റോട്ടില്‍ അവതരിപ്പിച്ചു. മാതൃ-പിതൃ ശരീരഭാഗങ്ങളില്‍നിന്ന് പകര്‍ന്നുകിട്ടുന്നതാണ് പാരമ്പര്യ സ്വഭാവങ്ങളെങ്കില്‍ മുടിനരച്ച മാതാപിതാക്കള്‍ക്കുണ്ടാവുന്ന മക്കള്‍ക്ക് മുടിനരയ്ക്കുവാനും കഷണ്ടിത്തലയന്‍മാരുടെ മക്കള്‍ക്കു കഷണ്ടിയുണ്ടാകുവാനും യുവത്വം കഴിയുന്നതുവരെ കാത്തുനില്‍ക്കേണ്ടി വരുന്നതെന്തു കൊണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മാതാപിതാക്കളുടെ രക്തത്തില്‍ പാരമ്പര്യവിവരങ്ങളടങ്ങിയ കണികകളുണ്ടെന്നും പ്രസ്തുത കണികകള്‍ മാതൃ-പിതൃ ബീജങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും അതിലൂടെ മക്കളിലേക്കു പകരുകയുമാണ് ചെയ്യുന്നതെന്നുമാണ് അരിസ്റ്റോട്ടില്‍ കരുതിയത്(2). പാരമ്പര്യത്തെക്കുറിച്ച ആധുനിക വീക്ഷണത്തോട് കൂടുതല്‍ പൊരുത്തപ്പെടുന്ന അരിസ്റ്റോട്ടിലിന്റെ ‘നേര്‍പകര്‍പ്പ് സിദ്ധാന്തം’ (blueprint theory) ഹിപ്പോക്രാറ്റസിന്റെ ‘ഇഷ്ടികയും ചുണ്ണാമ്പും’ (brick-and-mortar) സിദ്ധാന്തത്തിന്റെ പൊതുസമ്മിതിക്കുമുമ്പില്‍ ശ്രദ്ധിക്കപ്പെടാതെ പോയി(3). പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ടുവെച്ച ‘പൂര്‍ണോല്‍പത്തി തത്വ'(Pangenesis)ത്തിന് അദ്ദേഹം അടിസ്ഥാനമായി സ്വീകരിച്ചത് ഹിപ്പോക്രാറ്റസിന്റെ സിദ്ധാന്തത്തെയാണ് എന്ന വസ്തുത അതിന്റെ സമ്മിതിയെ വെളിപ്പെടുത്തുന്നുണ്ട്. board-1709204_1280
മനുഷ്യാവസ്ഥകളെയും സ്വഭാവങ്ങളെയുമെല്ലാം പുനര്‍ജന്മ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ച പുരാതന ഹിന്ദുക്കള്‍ പാരമ്പര്യമായി പകര്‍ന്നുകിട്ടുന്ന സ്വഭാവവിശേഷതകളിലെ നന്മകള്‍ക്കും തിന്മകള്‍ക്കുമെല്ലാം കാരണം മുജ്ജന്മ കര്‍മങ്ങളാണെന്നാണ് വിശ്വസിച്ചത്. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ പോലും കാണാന്‍ കഴിയുന്നത് മുജ്ജന്മ കര്‍മങ്ങളുടെ വെളിച്ചത്തില്‍ പാരമ്പര്യത്തെ നോക്കികാണുന്ന രീതിയാണ്. ക്രിസ്തുവിന് രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രചിക്കപ്പെട്ട, ആയുര്‍വേദത്തിന്റെ രണ്ട് അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ചരകസംഹിതയില്‍ പാരമ്പര്യത്തെപ്പറ്റി പറയുന്നതു കാണുക: ‘എല്ലാ ഭ്രൂണങ്ങള്‍ക്കും ആകാശമൊഴികെയുള്ള നാലു മഹാഭൂതങ്ങളുമുണ്ടായിരിക്കും. മാതാവില്‍ നിന്നുള്ളത്, പിതാവില്‍ നിന്നുള്ളത്, പോഷകങ്ങളില്‍ നിന്നുള്ളത്, സ്വന്തം ആത്മാവില്‍ നിന്നുള്ളത് എന്നീ നാല് തലങ്ങളായാണ് അവയുണ്ടാകുന്നത്. ഈ നാല് തലങ്ങളുടെയും കാരണത്താല്‍ മാതാപിതാക്കളുടെ പൂര്‍വ കര്‍മങ്ങളിലെ പ്രബല കാര്യങ്ങളാണ് ശരീരപ്രകൃതിയുടെ ബാഹ്യസാദൃശ്യം തീരുമാനിക്കുക. പൂര്‍വ ജന്മമോ മുജ്ജന്മ കര്‍മങ്ങളോ ആണ് മാനസിക വ്യവഹാരങ്ങളുടെ സാദൃശ്യവും തീരുമാനിക്കുന്നത്'(4). മാതാവില്‍ നിന്നും പിതാവില്‍ നിന്നും ലഭിക്കുന്ന ബീജങ്ങളും അവരുടെ പൂര്‍വ കര്‍മങ്ങളും ഗര്‍ഭകാലത്ത് മാതാവിനു ലഭിക്കുന്ന പോഷണങ്ങളും ആത്മാവിന്റെ അവസ്ഥാന്തരങ്ങളുമാണ് പാരമ്പര്യമായി ലഭിക്കുന്ന ബാഹ്യസാദൃശ്യങ്ങളെയും സ്വഭാവഗുണങ്ങളെയുമെല്ലാം തീരുമാനിക്കുന്നതിന്റെ ആധാരമെന്നാണ് ആയുര്‍വേദത്തിന്റെ ആചാര്യന്‍മാര്‍ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മനസ്സിലാക്കിയിരുന്നതെന്നര്‍ത്ഥം.
അരിസ്റ്റോട്ടിലിന്റെ വിമര്‍ശനങ്ങളെ പരിഗണിക്കാതെ, പാശ്ചാത്യലോകത്ത് മൂന്നു സഹസ്രാബ്ദത്തോളം കാര്യമായ ചോദ്യം ചെയ്യലുകളൊന്നുമില്ലാതെ  ഹിപ്പോക്രാറ്റസിന്റെ ഇഷ്ടികയും കുമ്മായവും  സിദ്ധാന്തം മുന്നോട്ടുവെച്ച പാരമ്പര്യത്തെക്കുറിച്ച വീക്ഷണങ്ങളാണ് നിലനിന്നത്. ഡമോക്രിറ്റസ്, ഗാലന്‍, ബാര്‍ത്തലോമിയസ് ആംഗ്ലിക്കസ്, മഹാനായ സെന്റ് ആല്‍ബര്‍ട്ട്, സെന്റ് തോമസ് അക്വിനാസ്, ക്രെസന്റിയസിലെ പത്രോസ്, പറാസെല്‍സസ്, ജെറോം കാര്‍ഡന്‍, ലെവിനസ് ലൊനിയസ്, വെനറ്റെ, ജോണ്‍ റെയ്, ബുഫോണ്‍, ബോണറ്റ്, മൗ പെര്‍ടിയസ്, വോണ്‍ ഹാളൂര്‍, ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ തുടങ്ങിയ പ്രഗല്‍ഭരെല്ലാം ഹിപ്പോക്രാറ്റസിന്റെ പാരമ്പര്യ സിദ്ധാന്തങ്ങളെയാണ് പിന്‍തുടര്‍ന്നതെന്ന് അമേരിക്കന്‍ ശാസ്ത്രചരിത്രകാരനും സസ്യശാസ്ത്രജ്ഞനുമായ കോണ്‍വായ് സിര്‍കെ നിരീക്ഷിക്കുന്നുണ്ട്(5). പത്താം നൂറ്റണ്ടില്‍ ജീവിച്ച, ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന അറബ് ശാസ്ത്രജ്ഞനായ അന്തലൂസിയന്‍ ഭിഷഗ്വരന്‍, അബുല്‍ ഖാസിം അല്‍ സര്‍ഖാവി പാരമ്പര്യമായി പകരുന്ന ഹീമോഫീലിയ രോഗത്തെക്കുറിച്ച് പഠിക്കുകയും കാരണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തുവന്നതല്ലാതെ(6) പാരമ്പര്യ സ്വഭാവങ്ങളുടെ സംപ്രേഷണത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും അറബ് ലോകത്തും നടന്നതായി കാണുന്നില്ല.
ജീവപരിണാമ സിദ്ധാന്തത്തിന്റെ ആചാര്യനായ ചാള്‍സ് ഡാര്‍വിന്‍ പാരമ്പര്യത്തെ വിശദീകരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഹിപ്പോക്രാറ്റസില്‍ നിന്ന് അല്‍പംപോലും മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല; പാരമ്പര്യത്തെക്കുറിച്ച ഡാര്‍വീനിയന്‍ വീക്ഷണങ്ങളുടെ ആകെത്തുകയായ പൂര്‍ണോല്‍പത്തി തത്വം (Pangenesis) വിവരിക്കുന്ന ‘ഇണക്കിയെടുക്കലിന് കീഴിലുള്ള ജന്തുക്കളുടെയും സസ്യങ്ങളുടെയും വ്യതിയാനം’ (The Variation of Animals and Plants under Domestication) എന്ന ഗ്രന്ഥം പുറത്തുവന്നത് 1868 ജനുവരി മാസത്തിലാണ്. തന്റെ മാസ്റ്റര്‍ പീസായ ‘ജീവജാതികളുടെ ഉത്ഭവ’ത്തിന് (The Origin Of Species) ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാരമ്പര്യത്തെക്കുറിച്ച് ഡാര്‍വിന്‍ എഴുതുന്നത് എന്നര്‍ത്ഥം. ജീവകോശങ്ങളിലെല്ലാം ജെമ്യൂളുകള്‍ (gemmules) എന്ന സൂക്ഷ്മകണങ്ങള്‍ പാരമ്പര്യ വാഹകരായി വിതറപ്പെട്ടിരിക്കുകയാണെന്നും ഓരോ അവയവങ്ങളിലെയും ജെമ്യൂളുകള്‍ പ്രസ്തുത അവയവസംബന്ധിയായ പാരമ്പര്യം വഹിക്കന്നവയാണെന്നും ജീവിയുടെ ഭൗതിക സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ജെമ്യൂളുകളില്‍ മാറ്റങ്ങളുണ്ടാക്കുകയും അവ അടുത്ത തലമുറയിലേക്കു പകര്‍ന്ന് ജീവിവര്‍ഗങ്ങളില്‍ പരിണാമം സംഭവിക്കുമെന്നുമാണ് ഡാര്‍വിന്‍ സമര്‍ത്ഥിക്കുന്നത്(7). ഹിപ്പോക്രാറ്റസിന്റെ ഇഷ്ടികയും കുമ്മായവും സിദ്ധാന്തത്തെ പൊടിതട്ടിയെടുത്ത്, സാഹചര്യങ്ങളില്‍ നിന്ന് ജീവി ആര്‍ജ്ജിച്ചെടുക്കുന്ന അനുകൂലനങ്ങള്‍ അടുത്ത തലമുറയിലേക്ക് ജെമ്യൂളുകളിലൂടെ പകരുന്നുവെന്ന്  വരുത്തിതീര്‍ക്കുകയും അതുവഴി പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ പരിണാമമെന്ന തന്റെ സിദ്ധാന്തം സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ആര്‍ജ്ജിത സ്വഭാവങ്ങള്‍ ജെമ്യൂളുകളിലൂടെ തലമുറയിലേക്ക് പകരുമെന്ന ഡാര്‍വിന്റെ വാദം തെളിയിക്കപ്പെട്ടാല്‍ പ്രകൃതി നിര്‍ധാരണ തത്വത്തിന്റെ സ്വീകാര്യതക്ക് അതു നിമിത്തമാകുമെന്നു കരുതി പൂര്‍ണോല്‍പത്തി തത്വം തെളിയിക്കാനായി നിരവധി പരീക്ഷണങ്ങള്‍ നടന്നുവെങ്കിലും അവയെല്ലാം വിപരീത ഫലങ്ങളാണ് നല്‍കിയത്. ആദ്യം ഡാര്‍വിന്റെ മാതുലനായ ഫ്രാന്‍സിസ് ഗാര്‍ട്ടണും പിന്നീട് കാള്‍ പിയേഴ്‌സണുമെല്ലാം പൂര്‍ണോല്‍പത്തി തത്വത്തിന് ഗണിതകൃത്യത വരുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടവരാണ്. എലി തലമുറകളുടെ വാലുകള്‍ മുറിച്ച് 1883ല്‍ ആഗസ്ത് വീസ്മാന്‍ നടത്തിയ പരീക്ഷണങ്ങളും ഡാര്‍വിന്റെയും ലാമാര്‍ക്കിന്റെയും ആര്‍ജ്ജിത സ്വഭാവങ്ങള്‍ അടുത്ത തലമുറകളിലേക്കു പകരുമെന്ന ആശയത്തെ സ്ഥാപിക്കാനുദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു. തന്റെ പരീക്ഷണങ്ങള്‍ നല്‍കുന്ന വിവരം ആര്‍ജ്ജിത സ്വഭാവങ്ങള്‍ അടുത്ത തലമുറയിലേക്ക് പകരുകയില്ലെന്നാണ് എന്നു മനസ്സിലായപ്പോഴാണ് വീസ്മാന്‍, അണ്ഡ-ബീജ കോശങ്ങളിലൂടെ മാത്രമാണ് പാരമ്പര്യം സംപ്രേഷണം ചെയ്യപ്പെട്ടതെന്ന് പ്രഖ്യാപിക്കുന്ന ‘പാരമ്പര്യത്തിന്റെ ജേം പ്ലാസം സിദ്ധാന്തം’ (germ plasm theory of inheritance) രൂപീകരിച്ചത്(8).
ഓസ്ട്രിയന്‍ പുരോഹിതനായ ഗ്രിഗര്‍ മെന്‍ഡല്‍ 1856നും 1863നുമിടയ്ക്ക് തന്റെ തോട്ടത്തിലെ പയര്‍ ചെടികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ആവിഷ്‌ക്കരിച്ച പാരമ്പര്യത്തിന്റെ അടിസ്ഥാന നിയമങ്ങളാണ് ആധുനിക ജനിതകത്തിന്റെ അടിത്തറയായിത്തീര്‍ന്നത്. ചെടിയുടെ നീളം, പൂവിന്റെ നിറം, വിത്തിന്റെ ആകൃതി, വിത്തിന്റെ നിറം, പുറംതോടിന്റെ രൂപം, പൂവിന്റെ സ്ഥാനം എന്നിവ വ്യത്യസ്തങ്ങളായ പയര്‍ ചെടികളില്‍ സ്വയം പരാഗണവും പരപരാഗണവും നടത്തി അദ്ദേഹം കണ്ടെത്തിയ ‘പാരമ്പര്യത്തിന്റെ മെന്‍ഡലിയന്‍ നിയമങ്ങളാ’ണ് പില്‍ക്കാലത്ത് ബൃഹത്തായ ശാസ്ത്രശാഖയായിത്തീര്‍ന്ന ജനിതകത്തിന്റെ അടിസ്ഥാന തത്വങ്ങള്‍. അറിയപ്പെട്ട ജീവശാസ്ത്രജ്ഞനായിരുന്നില്ല ഗ്രിഗര്‍ മെന്‍ഡല്‍. അതുകൊണ്ടു തന്നെ താനുണ്ടാക്കിയ പാരമ്പര്യ നിയമങ്ങള്‍ തന്റെ ജീവിതകാലത്ത് അംഗീകരിക്കപ്പെടുന്നതു കാണാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. 1884ലാണ് മെന്റലിന്റെ മരണം. അതുകഴിഞ്ഞ് പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം 1900ത്തിലാണ് ഹ്യൂഗോ ഡിപ്രീസ്, കാള്‍ കോറല്‍സ്, എറിക് വോണ്‍ സെര്‍വെക്ക് എന്നിവര്‍ ചേര്‍ന്നു പാരമ്പര്യത്തിന്റെ മെന്‍ഡലിയന്‍ നിയമങ്ങള്‍ ലോകത്തിനുമുന്നിലവതരിപ്പിച്ചത്. പാരമ്പര്യവാഹികളായ ജീനുകളെയും അവയെ വഹിക്കുന്ന ക്രോമസോമുകളെയും കുറിച്ച് പഠിക്കുന്ന ബൃഹത്തായ ശാസ്ത്രശാഖയായ ജനിതക ശാസ്ത്ര(genetics)ത്തിന്റെ പിതാവായ ഗ്രിഗര്‍ മെന്‍ഡല്‍ തന്റെ ജീവിതകാലത്തൊരിക്കലും പ്രസ്തുത ശാസ്ത്രശാഖയെപ്പറ്റി കേട്ടിട്ടു പോലുമില്ല എന്നര്‍ത്ഥം. മെന്റലിന്റെ ഒന്നാം നിയമം ‘ജീനുകളുടെ വിഭാഗീകരണ നിയമം’ (law of segregation of genes) എന്നും രണ്ടാം നിയമം ‘സ്വതന്ത്രമായ കൂടിച്ചേരലിന്റെ നിയമം’ എന്നും (law of independent assortment) എന്നും മൂന്നാം നിയമം ‘അധീശത്വത്തിന്റെ നിയമം’ (law of dominance) എന്നുമുള്ള പേരുകളില്‍ ജനിതകമെന്ന അതിബൃഹത്തായ ശാസ്ത്രശാഖയുടെ അടിസ്ഥാന നിയമങ്ങളായി ഇന്ന് അറിയപ്പെടുന്നു(9).
ജീവകോശങ്ങളുടെ ന്യൂക്ലിയസ്സിനകത്ത് ജോഡികളായി ചുരുങ്ങി കിടക്കുന്ന ഡി.എന്‍.എ വാഹിയാണ് ക്രോമസോം. വ്യത്യസ്ത ജീവികള്‍ക്ക് വ്യത്യസ്ത എണ്ണം ക്രോമസോമുകളാണ് കോശ കേന്ദ്രത്തിലുണ്ടാവുക. മനുഷ്യകോശത്തില്‍ നാല്‍പത്തിയാറ്  -23 ജോഡി- ക്രോമസോമുകളാണുണ്ടാവുക. മനുഷ്യക്രോമസോമിലുള്ള അമ്പത് കോടി വരെ വരാവുന്ന ഡി.എന്‍.എ ജോഡികളില്‍ ആയിരക്കണക്കിന് ജീനുകളുണ്ടായിരിക്കും. ഏതെങ്കിലുമൊരു ചുമതല വഹിക്കുന്ന ഡി.എന്‍.എ ഭാഗമാണ് ജീന്‍. ഓരോ ജീനും ഓരോ സ്വഭാവത്തെ കുറിക്കുന്നു. ഏതെങ്കിലുമൊരു സ്വഭാവത്തിന് നിദാനമായ ഡി.എന്‍.എ മേഖലയുള്‍ക്കൊള്ളുന്ന പാരമ്പര്യത്തിന്റെ തന്‍മാത്ര യൂണിറ്റാണ് ജീന്‍ എന്നുപറയാം. ന്യൂക്ലിയോടൈഡുകളാല്‍ നിര്‍മിക്കപ്പെട്ട ഡി.എന്‍.എ യുടെ ഒരു സ്ഥാനമാണത്. ജീവികളുടെയെല്ലാം ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ക്ക് നിദാനമായ ഓരോ ജീനുകള്‍ ഉണ്ടായിരിക്കും. കണ്ണിന്റെ നിറം രേഖപ്പെടുത്തിയ ജീനും രക്തഗ്രൂപ്പ് രേഖപ്പെടുത്തിയ ജീനും ഓരോ കോശത്തിന്റെയും ന്യൂക്ലിയസ്സിനകത്തൂണ്ടാവുമെന്ന് ഉദാഹരണമായി പറയാം. വ്യത്യസ്ത സ്വഭാവങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഇരുപതിനായിരത്തോളം ജീനുകള്‍ മനുഷ്യകോശങ്ങളിലുണ്ട്. മുന്നൂറ് കോടിയോളം വരുന്ന ഡി.എന്‍.എ ജോഡികളാല്‍ നിര്‍മിക്കപ്പെട്ട ഇരുപതിനായിരത്തോളം ജീനുകളെ വഹിക്കുന്ന നാല്‍പത്തിയാറു -23 ജോഡി- ക്രോമസോമുകളിലാണ് നമ്മുടെയെല്ലാം ബാഹ്യവും ആന്തരികവുമായ സ്വഭാവങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നര്‍ത്ഥം.
ജീവിയുടെ നിരീക്ഷണയോഗ്യമായ ഏതെങ്കിലുമൊരു സവിശേഷതയെ ഫീനോടൈപ്പ് (phenotype) എന്നും പ്രസ്തുത സവിശേഷതക്ക് നിദാനമായ ജനിതക സംഭാവനയെ ജീനോടൈപ്പ് (genotype) എന്നുമാണ് പറയുക. ലൈംഗിക പ്രത്യുല്‍പാദനം നടത്തുന്ന ജീവികളിലെല്ലാം തന്നെ ഏതെങ്കിലുമൊക്കെ സവിശേഷതക്ക് ഉപോല്‍ബലകമായ രണ്ടു ജീനുകള്‍ ഉണ്ടായിരിക്കും; പിതാവില്‍ നിന്നുള്ളതും മാതാവില്‍ നിന്നുള്ളതും. ഒരേ സവിശേഷതക്ക് നിമിത്തമായ ചെറിയ വ്യത്യാസങ്ങളോടുകൂടിയ ഇത്തരം ജീനുകളെ അല്ലീലുകള്‍ (alleles) എന്നാണ് വിളിക്കുക. ഒരു സവിശേഷതക്ക് നിദാനമായ രണ്ട് അല്ലീലുകളിലൊന്ന് പ്രത്യക്ഷവും (dominant) മറ്റേത് അപ്രത്യക്ഷവു(recessive)മായിരിക്കും. ഒരു സവിശേഷതയുടെ പ്രത്യക്ഷമായ അല്ലീല്‍ ഏതാണോ അതായിരിക്കും ആ സവിശേഷതയുടെ ഫീനോടൈപ്പ്. കണ്ണിന്റെ നിറം ഉദാഹരണമായിട്ടെടുക്കുക. യഥാര്‍ത്ഥത്തില്‍ കണ്ണിന്റെ നിറം തീരുമാനിക്കുന്നതിനു പിന്നില്‍ വ്യത്യസ്തങ്ങളായ ജീനുകളുണ്ടെങ്കിലും പഠനത്തിനായി ഒരൊറ്റ ജീനായി പരിഗണിക്കുക. മാതാവില്‍ നിന്ന് കണ്‍നിറം നീലയെന്ന ജീനും, പിതാവില്‍നിന്ന് കണ്‍നിറം കറുപ്പെന്ന ജീനുമാണ് ബീജങ്ങളിലൂടെ സിക്താണ്ഡത്തിലെത്തിയതെന്നു സങ്കല്‍പിക്കുക. അങ്ങനെയുണ്ടാകുന്ന കുഞ്ഞിന്റെ കോശങ്ങളിലെല്ലാം കണ്ണു നിറത്തെക്കുറിച്ച ജീനില്‍ കറുപ്പ്, നീല എന്നീ അല്ലീലുകള്‍ ഉണ്ടായിരിക്കും. കണ്ണിന്റെ ഫീനോടൈപ്പ് കറുപ്പാണെങ്കില്‍ കണ്‍നിറത്തിന് ഉപോല്‍ബലകമായ ജീനോടൈപ്പില്‍ കറുപ്പ് പ്രത്യക്ഷവും നീല അപ്രത്യക്ഷവുമായിരിക്കും. ഒരേ സവിശേഷതക്ക് നിദാനമായ അല്ലീലുകളില്‍ ഏതാണോ പ്രത്യക്ഷം ആ സ്വഭാവമാണ് ജീവിയുടെ ഫീനോടൈപ്പായി പ്രത്യക്ഷപ്പെടുകയെന്നു സാരം.
ഒരേ സവിശേഷതയുടെ രണ്ട് അല്ലീലുകളും യാതൊരു വ്യത്യാസവുമില്ലാതെ സമാനമാണെങ്കില്‍ പ്രസ്തുത സവിശേതയുടെ കാര്യത്തില്‍ കോശം ഹോമോസൈഗസ് (homozygous) ആണെന്നാണ് പറയുക. കണ്‍നിറമെന്ന സവിശേഷതയുടെ കാര്യത്തില്‍ പിതാവില്‍നിന്നും മാതാവില്‍നിന്നും ലഭിച്ച അല്ലീലുകള്‍ കറുപ്പിനെ കുറിക്കുന്നതാണെങ്കില്‍ ആദിമകോശമായ സിക്താണ്ഡവും അത് വിഭജിച്ചുണ്ടാകുന്ന കോശങ്ങളുമെല്ലാം ഹോമോസൈഗസായിരിക്കും. ഒരേ സവിശേഷതയുടെ രണ്ട് അല്ലീലുകള്‍ വ്യത്യസ്തമാണെങ്കില്‍ അത്തരം കോശങ്ങളെ ഹെട്രോസൈഗസ് (heterozygous) എന്നാണ് വിളിക്കുക. പിതാവില്‍ നിന്ന് കറുപ്പും മാതാവില്‍ നിന്ന് നീല അല്ലീലുകളുമാണ് കണ്‍നിറത്തിനു ലഭിച്ചതെങ്കില്‍ സിക്താണ്ഡവും കോശങ്ങളുമെല്ലാം ഹെട്രോസൈഗസായിരിക്കും. ഒരു സ്വഭാവത്തിന്റെ ഒരേയൊരു അല്ലീല്‍ മാത്രമേ കോശത്തിലുള്ളുവെങ്കില്‍ അതിനെ ഹെമിസൈഗസ് (hemezygous) എന്നാണ് വിളിക്കുക. ലിംഗക്രോമസോമായ Xഉമായി ബന്ധപ്പെട്ട ജീനുകള്‍ ഒരെണ്ണമേ പുരുഷനില്‍ ഉണ്ടാകൂയെന്നതിനാല്‍ അവയുടെ കാര്യത്തില്‍ കോശം ഹെമിസൈഗസായിരിക്കും(10).
ജീനുകളിലൂടെ പാരമ്പര്യ സ്വഭാവങ്ങള്‍ മക്കളിലേക്ക് പകരുന്നതെങ്ങനയെന്ന് മനസ്സിലാക്കുവാന്‍ കണ്‍നിറമെന്ന സവിശേഷതയുടെ കാര്യത്തില്‍ ഹോമോസൈഗസ് ആയ ഇണകളെ ഉദാഹരണമായി എടുക്കുക. കണ്‍നിറം കറുപ്പ് എന്ന ഫീനോടൈപ്പിന് ഉപോല്‍ബലകമായ ജീനോടൈപ്പിലെ രണ്ട് അല്ലീലുകളും കറുപ്പ് എന്ന സവിശേഷതയെ വഹിക്കുന്ന ജീനുകളുള്ള പുരുഷന്‍. രണ്ട് അല്ലീലുകളും പ്രത്യക്ഷമായതിനാല്‍ അവയെ AA എന്നു പ്രതിനിധീകരിക്കാം. കണ്‍നിറം നീലയെന്ന ഫീനോടൈപ്പിനു ഉപോല്‍ബലകമായ ജീനോടൈപ്പിലെ രണ്ട് അല്ലീലുകളും നീലയെന്ന സവിശേഷതയെ വഹിക്കുന്ന ജീനുകളുള്ള സ്ത്രീ. അവിടെയും രണ്ട് അല്ലീലുകള്‍ പ്രത്യക്ഷമാണ് എന്ന നിലയില്‍ അവയെ BB എന്നു പ്രതിനിധീകരിക്കാം. സ്വാഭാവികമായും കുഞ്ഞിനുലഭിക്കുന്നത് പിതാവില്‍ നിന്ന് Aയും മാതാവില്‍ നിന്ന് Bയും ആയിരിക്കും. ലിംഗകോശങ്ങളുണ്ടാകുന്ന ഊനഭംഗ (mitosis) കോശവിഭജനത്തിലൂടെ ഒരു അല്ലീല്‍ വീതമാണ് പിതാവില്‍ നിന്നും മാതാവില്‍നിന്നും കുഞ്ഞിനു ലഭിക്കുകയെന്നതു കൊണ്ടാണിത്. സിക്താണ്ഡത്തിന് പിതാവില്‍ നിന്നു ലഭിച്ച Aയും മാതാവില്‍നിന്നു ലഭിച്ച Bയും വ്യത്യസ്ത സവിശേഷതകളെ കുറിക്കുന്നതായതിനാല്‍ രണ്ടും കൂടി പ്രത്യക്ഷമാവുകയില്ല. ഒരേസമയം തന്നെ കറുപ്പും നീലയും കണ്ണുണ്ടാവുക സാധ്യമല്ലല്ലോ. കറുപ്പ് എന്ന സവിശേഷതയുടെ ജീന്‍ പ്രത്യക്ഷവും നീലയുടെ ജീന്‍ അപ്രത്യക്ഷവുമായ അതിന്റെ ജീനോടൈപ്പിനെ Ab എന്നാണ് പ്രതിനിധീകരിക്കുക. വലിയ അക്ഷരം പ്രത്യക്ഷത്തെയും ചെറിയ അക്ഷരം അപ്രത്യക്ഷത്തെയും കുറിക്കുന്നു. കണ്ണ് കറുത്തതാണെങ്കിലും നീലയാകുന്നതിനുള്ള ജീന്‍ കോശത്തിനകത്ത് സുഷുപ്തിയിലുണ്ടെന്നാണ് ഇതിനര്‍ത്ഥം. ഇങ്ങനെ സുഷുപ്തിയിലായ ജീന്‍ അടുത്ത തലമുറയിലോ അതിനടുത്ത തലമുറയിലോ പ്രത്യക്ഷമായിത്തീരുമ്പോള്‍ അതിന് ഉപോല്‍ബലകമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. കറുത്ത കണ്ണുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ചിലപ്പോള്‍ നീല കണ്ണുണ്ടാവുന്നത് മാതാവിലോ പിതാവിലോ സുഷുപ്താവസ്ഥയിലായിരുന്ന നീലക്കണ്‍ജീന്‍ അവസരമുണ്ടായപ്പോള്‍ പ്രത്യക്ഷമാകുന്നതുകൊണ്ടാണ്.
Ab ജീനോടൈപ്പുള്ള രണ്ടുപേര്‍ വിവാഹിതരായെന്നു കരുതുക. രണ്ടുപേരുടെയും കണ്ണുകള്‍ കറുത്തതാണ്. പിതാവിലും മാതാവിലും സുഷുപ്തിയിലായതിനാല്‍ അപ്രത്യക്ഷമായ B ജീനാണ് രണ്ടുപേരില്‍ നിന്നും കുഞ്ഞിന് ലഭിക്കുന്നതെങ്കില്‍ അതിന്റെ ജീനോടൈപ്പ് BB ആയിരിക്കും. കറുപ്പിനെ പ്രകടിപ്പിക്കുന്ന അല്ലീലുകള്‍ മാത്രമേയുള്ളുവെന്നതിനാല്‍ കണ്‍നിറമെന്ന സവിശേഷതയുടെ കാര്യത്തില്‍ സിക്താണ്ഡവും കോശങ്ങളുമെല്ലാം ഹോമോസൈഗസായിരിക്കും. കുഞ്ഞിന്റെ കണ്‍നിറം നീലയായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. പിതാവില്‍ നിന്ന് Aയും മാതാവില്‍നിന്ന് Bയും ലഭിക്കുകയും മാതാവില്‍നിന്നുള്ള B അപ്രത്യക്ഷമാവുകയും ചെയ്താലും കുഞ്ഞിന്റെ കണ്‍നിറം നീലയായിരിക്കും. അപ്പോള്‍ അതിന്റെ ജീനോടൈപ്പ് Baയെന്നാണ് പ്രതിനിധീകരിക്കുക. അണ്ഡത്തിലെയോ ബീജത്തിലെയോ ഏത് ജീനാണ് പ്രത്യക്ഷമാവുന്നത് എന്നതിനനുസരിച്ചാണ് കുഞ്ഞിന്റെ സ്വഭാവങ്ങളോരോന്നും നിര്‍ണയിക്കപ്പെടുന്നത് എന്നര്‍ത്ഥം(11).
പുരുഷബീജവും അണ്ഡവും കൂടിച്ചേര്‍ന്ന് സിക്താണ്ഡമുണ്ടാകുമ്പോള്‍ രണ്ട് അര്‍ധ കോശങ്ങളാണല്ലോ ഒരുമിക്കുന്നത്. 23 ക്രോമസോമുകള്‍ വീതമുള്ള അണ്ഡവും ബീജവും കൂടിച്ചേര്‍ന്നു 23 ജോഡികള്‍ അഥവാ 46 ക്രോമസോമുകളുണ്ടാവുന്നതോടൊപ്പം തന്നെ ഓരോ ക്രോമസോമിലുമുള്ള ജീനുകളുടെ അല്ലീലുകളും ഇണകളായിത്തീരുന്നുണ്ട്.ഒരേ സവിശേഷതയുമായി ബന്ധപ്പെട്ട ജീന്‍ അല്ലീലുകള്‍ ഇണകളായിത്തീരുമ്പോഴാണ് ഏതാണ് പ്രത്യക്ഷമെന്നും ഏതാണ് അപ്രത്യക്ഷമെന്നും തീരുമാനിക്കപ്പെടുന്നത്. മാതൃസ്രവത്തിലുള്ള ജീന്‍ അല്ലീലാണ് പ്രത്യക്ഷമെങ്കില്‍ മാതാവിന്റെയോ മാതൃസഹോദരങ്ങളുടെയോ സവിശേഷതയാണ് കുഞ്ഞില്‍ പ്രകടമാവുക. പിതൃസ്രവത്തിലുള്ള ജീന്‍ അല്ലീലാണ് പ്രത്യക്ഷമെങ്കില്‍ പിതാവിന്റെയോ പിതൃസഹോദരങ്ങളുടെയോ സവിശേഷതയാണ് പ്രകടമാവുക. പിതൃസഹോദരന്റെ കണ്ണും മാതൃസഹോദരിയുടെ മൂക്കുമായി കുഞ്ഞ് ജനിക്കുന്നത് ബീജസങ്കലന സന്ദര്‍ഭത്തില്‍ നടക്കുന്ന ജീനുകളുടെ പ്രത്യക്ഷീകരണം (dominance) വഴിയാണ്. കണ്ണുമായി ബന്ധപ്പെട്ട പ്രപിതാവില്‍നിന്നു കിട്ടിയ ജീന്‍ പിതാവില്‍ അപ്രത്യക്ഷവും പിതൃസഹോദരനില്‍ പ്രത്യക്ഷവുമായിരിക്കുകയും പിതാവില്‍ അപ്രത്യക്ഷമായ പ്രസ്തുത ജീന്‍ മകനില്‍ പ്രത്യക്ഷമാവുകയും ചെയ്യുന്നതുകൊണ്ടുമാണ് പിതൃസഹോദരന്റെ കണ്ണുമായി കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ ഏതു സവിശേഷത എടുത്താലും അത് പിതൃസഹോദരങ്ങളിലോ മാതൃസഹോദരങ്ങളിലോ ഉള്ളതായിരിക്കും. ബീജസങ്കലന സമയത്തെ സ്രവങ്ങളിലുള്ള ജീനുകളുടെ പ്രത്യക്ഷീകരണം വഴി സംഭവിക്കുന്നതാണിത്.
പാരമ്പര്യ സ്വഭാവങ്ങളുടെ സംപ്രേഷണത്തെപ്പറ്റി ക്വുര്‍ആനില്‍ വ്യക്തമായ പരാമര്‍ശങ്ങളൊന്നുമില്ല. സ്വഹീഹു മുസ്‌ലിമിലെ കിതാബുല്‍ ഹയ്ദിലുള്ള സ്ത്രീയുടെ സ്രവത്തെക്കുറിച്ച ഒരു നബിവചനത്തില്‍ പാരമ്പര്യത്തെക്കുറിച്ച കൃത്യവും വ്യക്തവുമായ സൂചനകളുണ്ട്. പ്രസ്തുത ഹദീഥിന്റെ സാരം ഇങ്ങനെയാണ്:
”(നബി(സ)യോട് ചോദിക്കപ്പെട്ടു:) സ്വപ്‌നസ്ഖലനമുണ്ടായാല്‍ സ്ത്രീ കുളിക്കേണ്ടതുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു: ‘അതെ; അവള്‍ ‘ഇന്ദ്രിയം കണ്ടാല്‍’. അപ്പോള്‍ ‘ഉമ്മുസുലൈം (റ) ചോദിച്ചു: ‘സ്ത്രീക്ക് സ്ഖലനമുണ്ടാകുമോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്തൊരു കഷ്ടം! പിന്നെ? എങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യം ഉണ്ടാകുന്നത്?’ മറ്റൊരു നിവേദനത്തില്‍ ആഇശ (റ) ഉമ്മുസുലൈം(റ)യോട് ‘ഛെ! സ്ത്രീക്ക് അതുണ്ടാകുമോ?’ എന്ന് ചോദിച്ചുവെന്നാണുള്ളത്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഈ ഹദീഥിന്റെ അവസാന ഭാഗത്ത് ഇങ്ങനെ കൂടിയുണ്ട്. ‘ഇന്ദ്രിയം കാരണമായിട്ടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാകുന്നത്. സ്ത്രീയുടെ ഇന്ദ്രിയം പുരുഷന്റെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് മാതൃ സഹോദരന്‍മാരോട് സാദൃശ്യമുണ്ടാകും. പുരുഷന്റെ ഇന്ദ്രിയം സ്ത്രീയുടെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് അവന്റെ പിതൃവ്യന്‍മാരോട് സാദൃശ്യമുണ്ടാകും.”(12)
പുരുഷന്റെയും സ്ത്രീയുടെയും സ്രവങ്ങളാണ് കുഞ്ഞിലേക്ക് പാരമ്പര്യ സ്വഭാവങ്ങള്‍ പകര്‍ത്തുന്നെന്ന് വ്യക്തമാക്കുന്ന ഈ ഹദീഥ് ജനിതക സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണെന്ന വസ്തുത അത്ഭുതകരമാണ്. ഓരോ അവയവങ്ങളില്‍ നിന്നും ഊര്‍ന്നിറങ്ങുന്നതാണ് ബീജമെന്നും ആണില്‍ നിന്നോ പെണ്ണില്‍ നിന്നോ ആരില്‍നിന്നാണോ ശക്തബീജമുണ്ടാകുന്നത് അവരുടെ സവിശേഷതയായിരിക്കും കുഞ്ഞിലേക്ക് പകര്‍ത്തപ്പെടുന്നെന്നും ആര്‍ജ്ജിത സ്വഭാവങ്ങള്‍ കുഞ്ഞിലേക്കു പകരുമെന്നുമുള്ള ഹിപ്പോക്രാറ്റസ് മുതല്‍ ഡാര്‍വിന്‍ വരെയുള്ളവരുടെ വീക്ഷണങ്ങളെ ഈ ഹദീഥ് അനുകൂലിക്കുന്നില്ല. രക്തത്തിലൂടെയാണ് പാരമ്പര്യത്തിന്റെ സംപ്രേഷണം നടക്കുന്നതെന്ന അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തെ ഇത് നിരാകരിക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷസ്രവങ്ങളുടെ പ്രത്യക്ഷീകരണമാണ് കുഞ്ഞിന്റെ സവിശേഷതകള്‍ നിര്‍ണയിക്കുന്നതെന്ന ഈ ഹദീഥ് മുന്നോട്ടുവെക്കുന്ന ആശയം ആധുനികകാലം വരെയുള്ള ശാസ്ത്രജ്ഞരൊന്നും മനസ്സിലാക്കിയിട്ടില്ലാത്തതാണ്. അതിശക്തമായ സൂക്ഷ്മദര്‍ശനികളുടെ സഹായത്താല്‍ നടത്തിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയ യാഥാര്‍ത്ഥ്യങ്ങളുമായി ഈ നബിവചനം യോജിച്ചുവരുന്നുവെന്ന വസ്തുത എന്തുമാത്രം ആശ്ചര്യകരമല്ല!
ഈ ഹദീഥില്‍ പുരുഷന്റെ സ്രവത്തെ സ്ത്രീയുടെ സ്രവം അതിജയിച്ചാല്‍ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ഇദാ അലാ മാഉഹാ മാഉര്‍ റജൂലി’യെന്ന അറബി വചനത്തെയാണ്. പെണ്‍സ്രവം പുരുഷസ്രവത്തെ അതിജയിക്കുന്നതിന് ഇവിടെ ‘അലാ’യെന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഒന്നിനു മുകളില്‍ മറ്റൊന്ന് ആധിപത്യം പുലര്‍ത്തുന്നതിനാണ് ‘അലാ’യെന്നു പ്രയോഗിക്കുകയെന്ന് സൂറത്തുല്‍ മുഅ്മിനൂനിലെ 91-ാം വചനത്തില്‍ നിന്ന് നാം നേരത്തെ മനസ്സിലാക്കിയിട്ടുള്ളതാണ്. പ്രത്യക്ഷീകരണ(dominance)ത്തെ ദ്യോതിപ്പിക്കുന്ന കൃത്യമായ പദമാണിത്. പുരുഷസ്രവം പെണ്‍സ്രവത്തിനുമേല്‍ പ്രത്യക്ഷീകരിക്കുമ്പോള്‍ പിതൃസഹോദരങ്ങളോടും, പെണ്‍സ്രവമാണ് പ്രത്യക്ഷീകരിക്കുന്നതെങ്കില്‍ മാതൃസഹോദരങ്ങളോടുമായിരിക്കും കുഞ്ഞിനു സാദൃശ്യമെന്നാണ് ഈ ഹദീഥ് പഠിപ്പിക്കുന്നത്. ഏതെങ്കിലുമൊരു സവിശേഷതയുമായി ബന്ധപ്പെട്ട പെണ്‍സ്രവത്തിലെ ജീനാണ് പ്രത്യക്ഷമാവുന്നതെങ്കില്‍ മാതൃസഹോദരങ്ങളിലാരുടെയെങ്കിലും സവിശേഷതയാണ് കുഞ്ഞിനുണ്ടാവുകയെന്നും ആണ്‍സ്രവത്തിലെ ജീനാണ് പ്രത്യക്ഷമാവുന്നതെങ്കില്‍ പിതൃസഹോദരങ്ങളില്‍ ആരുടെയെങ്കിലും സവിശേഷതയാണ് കുഞ്ഞിനുണ്ടാവുകയെന്നുമുള്ള വസ്തുതകള്‍ -ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രം നാം മനസ്സിലാക്കിയ സത്യങ്ങള്‍- എത്ര കൃത്യമായാണ് ഈ ഹദീഥില്‍ പ്രസ്താവിക്കുന്നത്!
ഹദീഥില്‍ പിതൃസഹോദരങ്ങള്‍ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘അഅ്മാം’ എന്ന പദത്തെയും മാതൃസഹോദരങ്ങള്‍ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘അഖ്‌ലാല്‍’ എന്ന പദത്തെയുമാണ്. ‘അമ്മി’ന്റെ ബഹുവചനമാണ് ‘അഅ്മാം’; ‘ഖാലി’ന്റേത് ‘അഖ്‌ലാലും’. പിതൃസഹോദരങ്ങളെ മൊത്തത്തില്‍ അഅ്മാം എന്നും, മാതൃസഹോദരങ്ങളെ മൊത്തത്തില്‍ അഖ്‌ലാല്‍ എന്നും വിളിക്കുന്നു. പുരുഷ സ്രവം പെണ്‍ സ്രവത്തെ അതിജയിച്ചാല്‍ പിതാവിന്റെയും പെണ്‍സ്രവമാണ് അതിജയിക്കുന്നതെങ്കില്‍ മാതാവിന്റെയും സാദൃശ്യമാണ് കുഞ്ഞിനുണ്ടാവുകയെന്നായിരുന്നു ഈ ഹദീഥിലുള്ളതെങ്കില്‍ പാരമ്പര്യത്തെക്കുറിച്ച പുതിയ വിവരങ്ങളുമായി അത് വൈരുദ്ധ്യം പുലര്‍ത്തുന്നുവെന്ന് പറയാന്‍ കഴിയുമായിരുന്നു; എന്നാല്‍ സദൃശ്യപ്പെടാനുള്ള സാധ്യത പിതാവിലോ മാതാവിലോ പരിമിതപ്പെടുത്തുന്നില്ല. ഏതെങ്കിലുമൊരു ജീനിന്റെ പ്രത്യക്ഷീകരണം നടക്കുമ്പോള്‍ അത് പിതാവില്‍ പ്രത്യക്ഷമായതു തന്നെയാകണമെന്നില്ലെന്നും പിതൃസഹോദരങ്ങളിലാരിലെങ്കിലും പ്രത്യക്ഷമായതാകാമെന്നുമാണല്ലോ ജനിതകം നമ്മെ പഠിപ്പിക്കുന്നത്. മാതൃസഹോദരങ്ങള്‍, പിതൃസഹോദരങ്ങള്‍ തുടങ്ങിയ ബഹുവചന പ്രയോഗങ്ങളിലൂടെ ഓരോ സവിശേഷതകളുടെയും ജീനുകള്‍ പ്രത്യക്ഷീകരിക്കുന്നതിനുള്ള സാധ്യതകള്‍ ഈ ഹദീഥില്‍ തുറന്നിട്ടിരിക്കുകയാണ്. മാതൃശരീരത്തില്‍ നിന്നുള്ള ജീനാണ് കുഞ്ഞില്‍ പ്രത്യക്ഷമാകുന്നതെങ്കില്‍ അതേ ജീന്‍ മാതാവില്‍ പ്രത്യക്ഷമല്ലെങ്കിലും മാതൃസഹോദരങ്ങളില്‍ ആരിലെങ്കിലും പ്രത്യക്ഷമായിരിക്കുമെന്നും പിതാവില്‍ നിന്നുള്ളതാണെങ്കില്‍ പിതൃസഹോദരന്‍മാരിലാരിലെങ്കിലും അത് പ്രത്യക്ഷമായിരിക്കുമെന്നുമുള്ള ജനിതക ശാസ്ത്രം നമുക്ക് നല്‍കുന്ന അറിവുകള്‍ എത്ര സമര്‍ത്ഥമായാണ് ഈ ഹദീഥിലെ പരാമര്‍ശങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്! പാരമ്പര്യത്തെക്കുറിച്ച പുതിയ വിവരങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണീ ഹദീഥ്. ഇതിലെ പദപ്രയോഗങ്ങളുടെ കൃത്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
Û
Foot Note
1) Hippocrates: The Seed, Sections 5-7, in J. Chadwick (Translator), G. E. R. Lloyd (Editor): Hippocratic Writings (Penguin Classics), 1984, Page318-3330
2) Aristotle: On the Generation of Animals, Montana, 2004, pages 229-234
3) Hypocrites and Aristotle; History of Genetics, https://geneticshistory.wordpress.com/hippocrates-and-aristotle/
4) Prof: Priyavrat Sharma: Charaka Samhita, Volume 1, Varanasi, 2014, Sarirasthanam, Chapter 2, Verses 26-27, Page 415
5) Conway. Zirkle: The Inheritance of Acquired Characters and the Provisional Hypothesis of Pangenesis, The American Naturalist Volume 69, 1935, Pages 417-445
6) Bashar Saad& Omar Said: Greco-Arab and Islamic Herbal Medicine, New Jercy, 2011, 7.8 Surgery
7) Charles Darwin: The Variation of Animals and Plants under Domestication, United Kingdom, 30 January 1868 http://darwin-online.org.uk/EditorialIntroductions/Freeman_ VariationunderDomestication.html
8) Yawen Zou: The Germ-Plasm: a Theory of Heredity (1893), by August Weismann, The Embryo Project Encyclopedia, https://embryo.asu.edu/pages/germ-plasm-theory-heredity-1893-august-weismann
9) Roger Klare: Greger Mendel: Father of Genetics (Great Minds of Science), New York, 1997, Pages 28-39
10) Robert Philip Wagner : Introduction to Modern Genetics, New York City, 1980, Pages 288-367
11) Arthur M. Lesk: Introduction to Genomics 2nd Edition, Oxford, 2012, Pages 343-378
12. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു വുജുബില്‍ ഗസ്‌ലി അലല്‍ മര്‍അത്തി ബി ഖുറൂജില്‍ മനിയ്യി മിന്‍ഹ, ഹദീഥ് 314.
അവലംബം

No comments: